ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെയും സോഷ്യല്‍ മീഡിയയെയും ഒരുപോലെ ഇളക്കിമറിച്ച നൃത്തച്ചുവടുകളായിരുന്നു സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ ജയിലര്‍ എന്ന ചിത്രത്തിലെ കാവാലാ' എന്ന ഗാനത്തിലേത്. എന്നാല്‍, ആഗോളതലത്തില്‍ തരംഗമായി മാറിയ ഈ ഗാനത്തിലെ തന്റെ പ്രകടനത്തില്‍ തനിക്ക് പൂര്‍ണ തൃപ്തിയുണ്ടായിരുന്നില്ലെന്നു തുറന്നുപറഞ്ഞിരിക്കുകയാണ് നടി തമന്ന ഭാട്ടിയ
സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്റെ യൂട്യൂബ് വ്ളോഗിന് നൽകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. മുംബൈയിലെ തമന്നയുടെ വസതിയില്‍ ആയിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.
കാവാലാ ഷൂട്ടിംഗ് സമയത്ത് എനിക്ക് ചെറിയ രീതിയിൽ അസംതൃപ്തി തോന്നിയിരുന്നു. കാരണം, എനിക്ക് കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നുവെന്ന് ഞാൻ കരുതി- തമന്ന പറഞ്ഞു. എന്നാൽ, എപ്പോഴും താൻ ചെയ്തത് കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു എന്ന് ചിന്തിക്കുന്ന തരത്തിലുള്ള ആളാണ് നീ എന്നായിരുന്നു ഇതിനോട് ഫറാ ഖാൻ പ്രതികരിച്ചത്.
എന്നാൽ ആജ് കി രാത് എന്ന ഗാനത്തിനായി താന്‍ 15 ദിവസത്തോളം പരിശീലിച്ചെന്നും തമന്ന വ്യക്തമാക്കി. ആ സമയം അതിനായി ചിലവഴിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഞാന്‍ ശാസ്ത്രീയമായി നൃത്തം പഠിച്ച ഒരാളല്ല. കാമറയ്ക്കു മുന്നില്‍ വരുന്നതിന് മുന്‍പ് കുറേ തവണ റിഹേഴ്സല്‍ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. പ്രാക്ടീസ് ചെയ്യാനും എനിക്ക് ഒരുപാട് ഇഷ്ടമാണ്- തമന്ന പറഞ്ഞു.
അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്കിയ കാവാലാ... എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയത് അരുണ്‍രാജ കാമരാജാണ്. ശില്പ റാവു ആണ് ഈ ഗാനം ആലപിച്ചത്.